ഓമശ്ശേരി (കോഴിക്കോട്): തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ നിരന്തരം നിരീക്ഷിച്ച് വച്ച് പൊലീസ് പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായിൽ നൗഷാദ് ഗുലാമി (48)നെയാണ് 1.15 കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദിന്റെ മേൽനോട്ടത്തിൽ മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെപിയുടെ നേതൃത്വത്തിൽ എസ്ഐ ജിയോ സദാനന്ദനും സംഘവുമാണ് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
മാനിപുരം-ഓമശ്ശേരി റോഡിൽ കൊളത്തക്കര അങ്ങാടിയിൽ തട്ടുകട നടത്തി വരികയായിരുന്ന നൗഷാദ് കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നും ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ നൗഷാദിനെ റിമാൻ്റ് ചെയ്‌തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു. അഡീഷണൽ എസ്ഐ ശ്രീനിവാസൻ, എഎസ്ഐ ഹരിദാസൻ നന്മണ്ട, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രസൂൺ പി, രതീഷ് എകെ, സിൻജിത്ത് കെ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, റിജോ മാത്യു, വബിത്ത് വികെ, ശ്രീനിഷ് എം, ഷിജു എംകെ, ജയന്തി റീജ എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Selling cannabis under the guise of a thrift shop. One arrested.